ധനകാര്യകമ്മിഷനെതിരെ പ്രതിഷേധമുയർത്താൻ ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നത് സ്വന്തം ഭരണ പരാജയം മൂടിവയ്ക്കാനാണ്. കേരളത്തിന്റെ സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് ഈയടുത്തൊന്നും പരിഹാരമുണ്ടാവില്ലെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് പോലും പറഞ്ഞിട്ടുണ്ട്. പ്രതിവർഷം 36,000 കോടി രൂപ പലിശബാദ്ധ്യതയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്റെ ഉത്തരവാദിത്വം രണ്ടുമുന്നണികൾക്കുമാണ്.
ഇനി കടംവാങ്ങിയാൽ എവിടുന്നെടുത്ത് തിരിച്ചു കൊടുക്കുമെന്ന് സർക്കാർ പറയണം. സാമ്പത്തിക അച്ചടക്കം പാലിക്കാനായി കൊണ്ടുവന്ന ധനഉത്തരവാദിത്വ, ബജറ്റ് മാനേജ്മെന്റ് നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ ഐസക് സംസാരിക്കുന്നത് സ്വന്തം പ്രവർത്തനവൈകല്യങ്ങളിൽ നിന്നൊളിച്ചോടാനാണ്. കാർഷിക, വ്യാവസായിക ഉല്പാദനം വർദ്ധിപ്പിച്ചും സേവന മേഖലയെ കൂടുതൽ കാര്യക്ഷമമാക്കിയും ആഭ്യന്തരോല്പാദനം വർദ്ധിപ്പിക്കുന്നതിന് പകരം കേന്ദ്രത്തെ കുറ്രപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
ധന കമ്മിഷന് മുന്നിൽ കേരളത്തിന് അനുഗുണമാവുന്ന വിധത്തിൽ കാര്യങ്ങൾ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും അവതരിപ്പിക്കുന്നതിന് പകരം കേരളത്തിന് മാത്രം ഗുണം ചെയ്യുന്നതും മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ദോഷകരവുമായ രീതിയിൽ തീരുമാനമെടുക്കണമെന്ന് പറയുന്നതും തികച്ചും ബാലിശമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ കമ്മിഷൻ സഹായം നൽകിയത് 2011 ലെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണെന്നത് അദ്ദേഹം മറച്ചുവയ്ക്കുന്നു. ഐസക് ഉന്നയിച്ചിരിക്കുന്ന പല വാദങ്ങളും അസത്യങ്ങളോ അർദ്ധ സത്യങ്ങളോ ആണ്. സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന് പകരം കേന്ദ്രവിരുദ്ധവും മറ്റ് സംസ്ഥാനങ്ങൾക്ക് എതിരും ആയ നിലപാടുകളെടുക്കുന്ന ഐസക്കിന്റെ സമീപനം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം.

Share this: